Saturday, December 31, 2011

പുതുവര്‍ഷം പുലരുമ്പോള്‍

"കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നു മെന്തെന്നും ആര്‍ക്കറിയാം .."(സഫലമീ യാത്ര- എന്‍.എന്‍.കക്കാട്)


ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട കാലക്കണക്കില്‍  നിന്നും ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും ആത്മ നൊമ്പരങ്ങളാല്‍ ഹര്‍ഷപുളകിതമാവുന്ന ഒരു കൂട്ടം  രാവുകളും.

ഇത് പുതിയ പ്രഭാതം, പുതിയ ദിനം, പുതു വര്‍ഷം.ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും.
കൊഴിഞ്ഞു പോയ വര്‍ഷം പ്രതീക്ഷകളെ നിറവേറ്റിത്തന്നോ? പുര്‍ണമായും പറയാന്‍ വയ്യ.നന്മയുടെ വഴിയിലേക്ക് ഒരു മാറ്റം സാധിച്ചുവോ? അങ്ങനെ തോന്നുന്നില്ല. ചിന്തകളുടെ മേച്ചില്‍പ്പുറങ്ങള്‍ക്ക് പുതിയ മാനം കൈവന്നുവോ? അറിയാന്‍ കഴിഞ്ഞില്ല. ജീവിതത്തിനു പുതിയ അര്‍ത്ഥമൊന്നും കണ്ടെത്തിയില്ലേ? ആ.. എനിക്കറിയില്ല. സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചോ? ഉണ്ടായിരുന്ന കുറ്റിചിറകും ഒടിഞ്ഞു പോയോന്നാ സംശയം. വിസ്മയങ്ങളുടെ വിജ്ഞാനച്ചെപ്പില്‍ നിന്നും ഒരു ചെറിയ ചെപ്പിത്തോണ്ടിയെങ്കിലും കൈയില്‍ തടഞ്ഞോ? പറയാറായിട്ടില്ല.

പിന്നെ എന്തിനായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം സകലര്‍ക്കും പുതുവത്സരാശംസ കൈമാറിയത്? കിട്ടിയേടത്തു നിന്നൊക്കെ സ്വീകരിച്ചു വെച്ചതും?

അങ്ങിനെയൊക്കെ തന്നെയാണോ കാര്യങ്ങള്‍? ശരിയാണോ ഇപ്പറഞ്ഞതൊക്കെ? ആയിരിക്കണമെന്നില്ല. അത്രയ്ക്ക് മണ്ടനൊന്നുമല്ലല്ലോ അവന്‍. അല്ലേലും ഇപ്പോഴും ഇങ്ങനെ നെഗറ്റീവ് മാത്രമല്ലേ അവന്‍ ചിന്തിക്കൂ. മാത്രമല്ല ശരികേടുകളുടെ ഈ ലോകത്ത് ശരിയേത് ശരിയല്ലാത്തതേത് എന്ന് തിരിച്ചറിയാന്‍ ശരാശരി ഒരു മനുഷ്യനും കഴിയാതെ വരുമ്പോള്‍ ....?

എന്തൊക്കെയോ ഒരു മാറ്റം അവനിലം ഉണ്ടായിട്ടുണ്ടല്ലോ. പുതിയ ലോകത്തെ അവന്റെ കാഴ്ചപ്പാടിലൂടെ വീക്ഷിക്കാന്‍ അവനു പഠിച്ചില്ലേ? അറിവില്ലായ്മയെ അഹന്തയുടെ മൂടുപടത്തിനപ്പുറം മറച്ചു വെക്കാന്‍ അവന്‍ ശീലിചില്ലേ? കൊലവേരിയും ഫ്ലാഷ് മോബ്ബും ഒക്കെ അവന്റെ ഉള്ളില്‍ ഇരിപ്പുറപ്പിച്ചില്ലേ? ഇതിലപ്പുറം എന്തു നേടാന്‍..

പോരാ.. കാലമിനിയും ഉരുളും.. ഉരുണ്ടു നീങ്ങിക്കൊണ്ടേ ഇരിക്കും..
പോയ വര്‍ഷത്തിന്റെ പോരായ്മകളുമായ് പോരിനു പോകാതെ പുതിയ പോര്‍ക്കളത്തെ സ്നേഹത്തിന്റെ സൗഹാര്‍ദത്തിന്റെ സഹിഷ്ണുതയുടെ പുതുനാമ്പുകള്‍ക്കുള്ള പിറവിയിടമാക്കുക. ഈ യാത്ര പ്രതീക്ഷകളുടെതാണ്. അത് കൊണ്ട് പ്രതീക്ഷാനിര്‍ഭരമായ ഈ യാത്ര ഏവര്‍ക്കും സഫലമായിരിക്കട്ടെ എന്നാശംസിക്കുന്നു.

പ്രിയത്തില്‍ നിങ്ങളിലൊരുവന്‍.

Friday, December 16, 2011

ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

സമര്‍പ്പണം: ബൂലോകത്തെ സകല ബ്ലോഗര്‍ക്കും..

മുങ്കുറിപ്പ്: ഈ ബ്ലോഗും വണ്ടിയില്‍ കയറി നിങ്ങളോടൊപ്പം യാത്ര തുടങ്ങാന്‍ മെനക്കെട്ടതിന്റെ ഒന്നാം നാള്‍ തന്നെ കരുതിയതാ ആമുഖത്തിനു ശേഷം ആദ്യ പോസ്റ്റ്‌ ബൂലൊകത്തെ കുറിച്ചായാലോ എന്ന്.

ബ്ലോഗിങ് മേഖലയിലെ എന്‍റെ ആദ്യ ദിനങ്ങളാണ്. നീളമുള്ള അനുഭവങ്ങളോ വിശദമായ വിശകലനങ്ങളോ പങ്കു വെക്കാനല്ല ഈ പോസ്റ്റ്‌. ധാരാളം കേട്ടറിഞ്ഞ ഒന്നിഴുകിച്ചേര്‍ന്നു ഭാഗവാക്കാകാന്‍ ഏറെ കൊതിച്ച ബ്ലോഗിങ് മേഖലയെ അടുത്തറിയാനുള്ള ശ്രമത്തിനിടയില്‍ തോന്നിയ തോന്നലുകളുടെയും ബുലോകത്തുടെ ഒരു കുഞ്ഞു യാത്ര ചെയ്യാനുള്ള വിഫല ശ്രമത്തിന്റെയും വെറുമെഴുത്താണിത്.

ബ്ലോഗിങ് അനന്തമായ സാധ്യതകളുടെ വിശാലമായ ഒരു ലോകമാണ്, വളരെ വലിയ ഒരു കാന്‍വാസ്‌.ഈ കാന്‍വാസിലുടെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഒരു ബ്ലോഗര്‍ക്ക് തന്റെ അക്ഷരങ്ങളോ ചിത്രങ്ങളോ വരകളോ വീഡിയോകളോ കൊണ്ട് പുറം ലോകവുമായി സംവദിക്കാം.ഇവിടെ ഇടപെടലുകള്‍ തീര്‍ത്തും സൗജന്യമായിരിക്കും.തന്റെ ആശയാവിഷ്കാരങ്ങളെ അനുവാചക ഹൃദയത്തിലേക്ക് നേരിട്ടെത്തിക്കുന്നു എന്നതിന് പുറമേ, എഡിറ്റര്‍മാരുടെ വെട്ടിത്തിരുത്തലുകള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ വിധേയമാകാതെ ബ്ലൊഗറുടെ ഇംഗിതത്തിനനുസരിച്ച് അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതായിരിക്കും വലിയ ഒരു സവിശേഷത.അനുവാചകര്‍ക്ക് പ്രതികരണം അറിയിക്കാന്‍ അതേ സ്ഥലത്തും സമയത്തും കഴിയുന്നു എന്നത് മറ്റൊരു പ്രത്യേകത.

ബ്ലോഗിങ്ങിന്റെ ഗുണഫലങ്ങള്‍ ഒരുപാടുണ്ടാവാം.മറ്റു മാധ്യമങ്ങളെ പോലെ തന്നെ എഴുത്തുകാരന് തന്റെ കൃതികളെ വായനക്കാരില്‍ എത്തിക്കാനുള്ള ഒരു ഇടം എന്നതില്‍ കവിഞ്ഞ്, ലോകത്ത് പലയിടത്തും മുഷിഞ്ഞ മണമുള്ള സ്ട്രീറ്റുകളിലും മറ്റും മുല്ലപ്പൂ മണക്കുന്ന വാളുകള്‍ പടുത്തുയര്ത്താനും മറ്റുമുള്ള സാമുഹിക പടപ്പുറപ്പാടുകള്‍ക്കൊക്കെ ചെറിയ നിലയിലെങ്കിലും ധൈഷണികമായിത്തന്നെ നേതൃത്വം കൊടുക്കാന്‍ ബ്ലോഗിങ്ങിനെക്കൊണ്ട്  കഴിയുന്നു എന്ന് വരുമ്പോള്‍, ഇനിയും ഈ മാധ്യമത്തിന്റെ സാധ്യത വര്‍ധിക്കുകയാണ്.

എന്നാല്‍ ഇങ്ങു ബൂലോകത്ത്  വരുമ്പോള്‍, ഇടപെടലുകള്‍ വളരെ സജീവമായി തോന്നുമ്പോഴും ഇത്തരം സാമൂഹിക മാറ്റങ്ങള്‍ക്കുപകരിക്കുന്ന ഒരു ഇടപെടലിനൊന്നും ഉദാഹരണം കണ്ടില്ല. അതിനു മാത്രം ബൂലോകം  വളര്‍ന്നിട്ടില്ലാത്തത് കൊണ്ടോ വളര്‍ച്ച ഒരു പ്രത്യേക ദിശയില്‍ മാത്രമായതു കൊണ്ടോ അതോ ഭൂമിമലയാളത്തില്‍ ഇത്തരം ശുദ്ധി കലശങ്ങള്‍ നടമാടപ്പെടാന്‍ മാത്രം ശുംഭത്തരങ്ങള്‍ നിറഞ്ഞാടുന്ന ഒരിടവും ഇല്ലാത്തതു കൊണ്ടോ... എന്തോ..
=>ഇടക്കൊരു സംശയം-ഈ ബുലോകം എന്നത് മലയാളം ബ്ലോഗിങ്ങിനെ മാത്രം പരിചയപ്പെടുത്തുന്ന വാക്ക് തന്നെയല്ലേ?<=

വെറുതേ മലയാളി ബ്ലോഗര്‍മാര്‍ക്കിടയിലുടെ ഒന്ന് കറങ്ങിത്തിരിഞ്ഞപ്പോള്‍, അമ്പോ .. കണ്ണ് തള്ളിപ്പോയി. ഇത്രമാത്രം വലിയ ലോകമാണോ ഈ ബൂലോകം എന്ന്.. ഇത് മലയാളത്തിന്റെ നാട്യങ്ങള്‍ ഇല്ലാത്ത സാഹിത്യ ശാഖയാ.. ഞാനറിയാന്‍ അല്പം വൈകിയെങ്കിലും ഇനിയും അറിയാത്ത അറിഞ്ഞിട്ടും 'അറിയാത്ത' എത്രയോ പേരുണ്ട് പടിക്ക് പുറത്ത്.തരം കിട്ടിയാല്‍ ഈ അക്ഷയ ഖനിക്കിട്ടു ഒരു കൊട്ട് കൊടുക്കുന്ന വലിയ സാഹിത്യ മേല്‍വിലാസക്കാര്‍ ഇനിയെങ്കിലും മാറ്റിപ്പറയണം. മലയാള സാഹിത്യത്തിന്റെ ബ്ലോഗ്‌ ശാഖ പരിഗണിക്കപ്പെടണം എന്ന്.

മനോരമയിലെ ഒരു ലേറ്റസ്റ്റ് സര്‍വേ പ്രകാരം മലയാളി ബ്ലോഗര്‍മാരുടെ ജാഗ്രത ഇപ്പോള്‍ കുറഞ്ഞിരിക്കുന്നുവെന്നും ബുലോകത്തെ സുവര്‍ണ കാലഘട്ടം അവസാനിച്ചു എന്നും പല പ്രമുഖ പോസ്റ്റര്‍മാരുടെയും സൃഷ്ടികള്‍ തുലോം വിരളമായേ ഇപ്പോള്‍ ഉണ്ടാവുന്നുള്ളൂ എന്നും എല്ലാറ്റിനും കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണെന്നും കാണുന്നു.(സത്യം എന്താണാവോ .. അറിയാന്‍ താല്പര്യം..)  പഴയ പല പുലികളുടെയും പോസ്റ്റുകള്‍ ഇപ്പൊ കുറഞ്ഞിരിക്കുന്നു എന്ന് എനിക്കും ബോധ്യമായി.

എഴുത്തും വരയും പാട്ടും പഠനവും ചിത്രങ്ങളും ഒക്കെയായി എടുത്താല്‍ പോങ്ങാത്തത്രയും പേജുകള്‍ ബുലോകക്കാഴ്ചയില്‍ ഒറ്റയിരിപ്പില്‍ തന്നെ കാണാനായി.അതില്‍ ഏറ്റവും മത്ത്‌ പിടിപ്പിച്ചത് കവിതകളുടെ തിരതള്ളലാണ്. പൊതുവേ പ്രസിദ്ധീകരണങ്ങളിലെക്കൊക്കെ വരുന്ന സൃഷ്ടടികളില്‍ കവിതകള്‍ക്ക് അടുത്ത കാലത്ത് വലിയ ക്യൂവാണ് ഉള്ളതെന്ന് ഒരു കേട്ടുകേള്‍വിയും ഉണ്ട്. ഇവിടെ ആശയ സമ്പുഷ്ടവും നിലവാരം പുലര്‍ത്തുന്നതും ആയ ഒരുപാട് കവിതാ ശലകങ്ങള്‍ അനുഭവിച്ചറിയാന്‍ പറ്റി. കൂടാതെ അറുവഷളന്‍ ചവറുകളും (ക്ഷമിക്കണം എന്റെ മാത്രം അഭിപ്രായത്തില്‍, അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുന്നു) പലരും പോസ്റ്റിയിരിക്കുന്നു. അതിനും 'നൈസാ'ക്കി കമന്‍റി മറ്റു ചിലര്‍.

യാത്രാ കുറിപ്പുകള്‍ കേമമായിരിക്കുന്നു എന്ന് പറയാതെ വയ്യ.യാത്രകളെ പെരുത്ത്‌ ഇഷ്ടമായ എനിക്ക് ഇവയില്‍ ദൃഷ്ടി പതിപ്പിക്കാതെ അങ്ങനങ്ങ് പോവാന്‍ പറ്റ്വോ?കുഞ്ഞു കുഞ്ഞു നാട്ടുമ്പുറക്കാഴ്ചകള്‍ മുതല്‍ കൊന്നോളം പോന്ന വിദേശ പര്യടനങ്ങള്‍ വരെ മലര്‍ത്തി വെച്ചിരിക്കുന്ന ഈ കാഴ്ചകളില്‍ നിന്ന് കണ്ണെടുക്കാന്‍ ച്ചിരി ബുദ്ധിമുട്ടി.അല്‍പനേരം കൊണ്ട് തന്നെ അനുഭുതി ദായകമായി തോന്നിയ ഈ യാത്രാ വഴികളിലുടെ പക്ഷെ അധികം യാത്ര ചെയ്യാനായില്ല.പലതിലും പരപ്പ് അല്പം കുടിയെങ്കിലും അവതരണം വളരെ നന്ന്.പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഒരു ദീര്‍ഘ യാത്ര പോലെ തോന്നി അവിടുന്ന്  പടിയിറങ്ങുമ്പോള്‍. കുറച്ചേ വായിച്ചുള്ളൂ. കുറേ കരുതി വെച്ചിട്ടുണ്ട്, എന്നെങ്കിലുമൊക്കെ വായിച്ചു തീര്‍ക്കാനായി..
അങ്ങിങ്ങായി കാണാനായ മോഷ്ടാക്കളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വക വെക്കാതെ യാത്ര തുടര്‍ന്നപ്പോള്‍ അത്തരക്കാരുടെ കരവിരുത്   
അവിടെയും ഇവിടെയുമൊക്കെ അറിയാനും പറ്റി. എന്നാലും അതിവിടെ കുറിക്കാന്‍ നിനച്ചതല്ല. പിന്നെ ഒരു മഹാന്റെ കൈക്കരുത്ത് കണ്മുന്‍പില്‍ കിടന്നു കിതച്ചപ്പോള്‍ സങ്കടം കൊണ്ട് എഴുതാതിരിക്കാന്‍ പറ്റുന്നില്ല. പ്രത്യേകിച്ച് 'ഇര' രക്ത ബന്ധു കൂടി ആകുമ്പോള്‍. തരക്കേടില്ലാത്ത ആ ബ്ലോഗറുടെ സാമാന്യം നീണ്ട പ്രൊഫൈല്‍ വചനങ്ങളില്‍ സിംഹ ഭാഗവും ഈ   
'പീ.ച്ച്.ഡി' ക്കാരന്‍ ഇങ്ങട് കോപ്പീ പേസ്റ്റാക്കി തന്റെ പ്രൊഫൈല്‍ ഭാഗം മിനുക്കി വെച്ചിരിക്കുന്നു. ഹാ.. കഷ്ടം... അല്ലാതെന്ത്‌ പറയാന്‍..
മലയാളത്തിന്റെ ആനുകാലികങ്ങള്‍ നല്ലോണം ബൂലോകത്ത് വിശയീഭവിക്കുന്നുണ്ട്. 'ശുംഭ'നാം വീരേതിഹാസങ്ങളെല്ലാം സ'സന്തോഷം' തിമിര്‍ത്താടിക്കൊണ്ടിരുന്നു. ഇപ്പോഴാനെങ്കിലോ മാറ് നിറഞ്ഞു പൊട്ടിപ്പുറപ്പെടാന്‍ സമയം കാത്തു നില്‍ക്കുന്ന മുല്ലപ്രദേശിലെ പെരിയ വീട്ടില്‍ ആറാനമ്മായിയുടെ സകല വിശേഷങ്ങളും ചര്‍ച്ചയാകുന്നുണ്ട്.
തങ്ങള്‍ സ്നേഹിക്കുന്ന രാഷ്ട്രീയ പാര്ട്ടികലോടുള്ള കൂറ്  തെളിയിക്കാന്‍ അനുഭാവികള്‍ തരം പോലെ പോസ്റ്റുകള്‍ പേസ്റ്റി ബൂലോകത്ത് സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും  ആകെ മൊത്തം ടോട്ടല്‍ മുഴച്ചു നില്‍ക്കുന്നത് അരിവാള്‍ തലപ്പ്‌ കൊണ്ട് കോറിയിട്ട ചുവപ്പന്‍ വരികളാണെന്ന് കാണാം..
വ്യത്യസ്ഥ മത-ആത്മീയ ചിന്തകളും വിവിധ എഴുത്തുകളിലൂടെ സ്ഥാനം പിടിച്ച മലയാളം ബ്ലോഗിങ് മേഖലയില്‍ പക്ഷെ, ഇസ്ലാമിക്-മുസ്ലിം എഴുത്തുകളാണ് ഈ ഇനത്തില്‍ കൂടുതലെന്ന് കാണാന്‍ അധികം പ്രയാസമൊന്നുമില്ല.
ഇനി ഓര്‍മകളുടെയും അനുഭവങ്ങളുടെയും മുറിയില്‍ കണ്ടത് അധികവും ഇന്നലെകളായിരുന്ന  ബാല്യ കൌമാരങ്ങളില്‍, മനസ്സിന് മായ്ക്കാന്‍ കഴിയാതെ കിടക്കുന്ന വശ്യ മനോഹര മുഹൂര്‍ത്തങ്ങളാല്‍ ചായം പകര്‍ന്ന അക്ഷരക്കൂട്ടുകളായിരുന്നു.നടന്നു നീങ്ങിയ ജീവിതത്തിനിടയില്‍ ഹൃദയത്തിനേറ്റ നീറുന്ന മുറിപ്പാടുകള്‍ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും പകര്തിക്കഴിഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും നോവുകള്‍ നേര്‍ത്തു വരുന്നത് നമുക്ക് കാണാനാവും.
ഇഷ്ടായി.. എല്ലാം പെരുത്ത്‌ ഇഷ്ടമായി.. കലര്‍പ്പില്ലാതെ വെച്ചുകെട്ടില്ലാതെ ആശയം ആവിഷ്കരിച്ചത് കൊണ്ടാവാം ഒരു തരം എളിമത്വം പരക്കെ പ്രകടമാണ്.എടുത്തു പറയേണ്ടതായി തോന്നിയ മറ്റൊരു സവിശേഷത, പൊതുവേ എല്ലാ തരം പോസ്റ്റുകളിലും ഹാസ്യാത്മകത നല്ലോണം നിഴലിച്ചു കാണുന്നു എന്നതാണ്.
അങ്ങനെ സാമ്പാറും കോഴിയിറച്ചിയും ഒന്നിച്ചു കഴിച്ച പ്രതീതിയില്‍ ബൂലോകക്കാഴ്ച കണ്ടു കൊതി തീരാത്ത ഈ പാവം, പക്ഷെ 'വെറുമെഴുത്തി'നോട്  തല്ക്കാലം ഇവിടെ സുല്ലിടുകയാണ്.ഇനിയും ആ കാഴ്ചകളെ പകര്‍ത്താന്‍ എനിക്ക് വശമില്ല.കാഴ്ചകള്‍ തീര്‍ന്നിട്ടില്ലെന്നു മാത്രമല്ല അതിന്റെ ഒരു മൂലയ്ക്ക് പോലും എത്തിയിട്ടില്ല എന്നും ഇനിയും ഈ കാഴ്ചകളെ പുല്‍കാന്‍ വന്നുകൊണ്ടേ ഇരിക്കേണ്ടതുണ്ടെന്നുമുള്ള ഉത്തമ ബോധ്യത്താല്‍ തന്നെ...
ബൂലോകത്ത് കമന്റിടാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ചില ബ്ലോഗര്‍മാരെങ്കിലും ഉണ്ടോ എന്ന ഒരു കുസൃതി സംശയം കൂടി നിങ്ങള്ക്ക് വേണ്ടി ബാക്കി വെച്ച്, നിറക്കാഴ്ചകള്‍ കണ്ടു ഗാലറിയിലിരിക്കാതെ, ഒരുപാട് പേരുടെ ജീവിതം കൊണ്ട് നിറം പകര്‍ന്ന അക്ഷരക്കാഴ്ചകള്‍ കൊണ്ട് മനം കിളിര്‍പ്പിക്കുന്ന ഈ ബൂലോകത്തിനു കാണിക്ക വെക്കാന്‍ കാലഹരണപ്പെട്ട എള്ളുണ്ടയോ പുതു ലോകത്തിന്റെ രുചി കേന്ദ്രങ്ങള്‍ക്ക് അരുചി തോന്നിക്കുന്ന കടലമിട്ടായി കൊണ്ടെങ്കിലുമോ ഞാനിനിയും വരാം.. എന്ന് മാത്രം...
'വെറുമെഴുത്തി'നിടയിലെ ചില്ലറ കാര്യങ്ങള്‍:
  1. ബൂലോകര്‍ മാലോകര്‍ക്കുപകരിക്കുന്ന സാമുഹിക പരിവര്‍ത്തനങ്ങള്‍ക്കായി വല്ലതുമൊക്കെ ഒതുരുമിച്ചു ചെയ്യാനാവുമോ എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ കൊള്ളാം.
  2. ബൂലോകത്ത് കാലൂന്നുന്ന പുതിയ കൂട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സ്ടിമുലേശന്‍ തെറാപ്പികള്‍ നല്‍കാം. അവരുടെ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുത്തും ഇങ്ങോട്ട് എത്തിച്ചും മറ്റും. അല്ലെങ്കില്‍ തപ്പിത്തടഞ്ഞു കിടന്നുഴലും.
  3. തെറ്റുകള്‍ കണ്ടാല്‍ തിരുത്തി കൊടുക്കാന്‍ പേരും പെരുമയും തടസമാവേണ്ടതില്ല.
  4. ബൂലോകം അടക്കി വാഴുന്ന അതികായകര്‍ക്കും സമയം കിട്ടുമ്പോള്‍ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ അഭിപ്രായം അറിയിക്കലൊക്കെ ആവാം. 

പിങ്കുറിപ്പ്: ദഹിക്കാത്ത വല്ലതുമൊക്കെ അകത്ത്താക്കേണ്ടി വന്നാല്‍ ആരെയും കാത്തു നില്‍ക്കാതെ വേഗം അറിയിച്ചാ മതി ട്ടോ...

Saturday, November 26, 2011

തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.

തുടക്കം, ഇതെന്റെ 'വെറുമെഴുത്തി'ന്റെ തുടക്കം... ബൂലോകത്തെ എന്റെ  ആദ്യത്തെ കയ്യൊപ്പ് ..


ഈ എഴുത്ത് കുത്തിന്റെ പേജില്‍ കുത്തിക്കുറിക്കാന്‍ എഴുതിത്തെളിഞ്ഞ കൈപ്പടയോ ആവേശം കൊള്ളിക്കും ശൈലിയോ മനസ്സില്‍ തട്ടുന്ന വാക്കുകളോ ഒന്നും കൈവശമില്ല. അല്പം വിറയോടു കൂടിയാണെങ്കിലും ബൂലോകത്ത് കൈ വെക്കാന്‍ ഞാനും തീരുമാനിച്ചു കഴിഞ്ഞു. അതെത്ര കാലം എന്നൊന്നും ചിന്തിക്കാതെ..


        ബ്ലോഗിങ്ങിന്‍റെ ബാലപാഠം പോലുമറിയില്ല, എന്ത് എങ്ങിനെ  എവിടെ കുറിക്കണമെന്ന്  ഒരു നിശ്ചയവുമില്ല, പേജ് സെറ്റപ്പാക്കാന്‍  ഒരു ഐഡിയയും വശമില്ല, കൂടുതല്‍ കമന്റ് നേടാനുള്ള വിദ്യകളേതുമേ പിടിയില്ല.ബ്ലോഗിങ് ട്രൈനിംഗ് ക്ലാസ്സില്‍ ചേര്‍ന്നിട്ടുമില്ല, തലങ്ങും വിലങ്ങും ബ്ലോഗ്‌ മീറ്റുകള്‍ അരങ്ങു തകര്തപ്പോഴും ഒന്നില്‍ പോലും ചെന്ന് നോക്കിയിട്ടില്ല. എന്നാലും നിങ്ങളേവരെയും പോലെ എനിക്കും ചിലതൊക്കെ എഴുതി ഇടാനുണ്ട്, 'വെറും' എഴുത്ത്, ചില കാര്യങ്ങളും!




        വായന എന്നും  ഒരു ഹരമായി കൂടെത്തന്നെ ഉണ്ടെങ്കിലും എഴുത്ത് എന്റെ ശീലമൊന്നുമല്ല. ഒരുങ്ങാറുമില്ല , എന്റെ ഡയറിപ്പേജുകള്‍ക്ക് വേണ്ടിയല്ലാതെ. അത് പിന്നെ എല്ലാ വര്‍ഷവും വളരെ കൃത്യമായി ആദ്യത്തെ രണ്ടു മാസം എഴുതും. പിന്നെ രണ്ടാഴ്ചയില്‍ ഒരിക്കല്‍. അതും കഴിഞ്ഞ് രണ്ടു മാസത്തിലൊരിക്കലാവും. അതങ്ങനെ അവരോഹണ ക്രമത്തില്‍ പിന്നോട്ടു തന്നെ നീങ്ങും. പിന്നെ എനിക്ക് വേണ്ടി എഴുതും, എനിക്ക് വേണ്ടി മാത്രം. ആവേശം കഴിഞ്ഞാല്‍ ആരും കാണാതെ ആരെയും കാണിക്കാതെ പീസ്‌ പീസാക്കി പറത്തി വിടും. അത്രയൊക്കെ ത്തന്നെ..


        വിഷയക്രമമൊന്നും നടത്തിയിട്ടില്ല, ഒരു പലവകയാണ് ഉദ്ദേശിക്കുന്നത്. എന്റെ ചെറിയ ചിന്തകളും എളിയ അനുഭവങ്ങളും അല്പം ഓര്‍മകളും ചില്ലറ കാര്യങ്ങളും മറ്റു ചില കുറിപ്പുകളും പകര്‍ത്താം. ഇവിടുത്തെ ഫോര്‍മാലിറ്റീസ് ഒന്നും അറിയില്ല. കഴിവതും വായനക്കാരെ ബുദ്ധിമുട്ടിക്കാതെ കാര്യം നടത്തി സ്ഥലം വിട്ടോളാം.. പിന്നെ ഒരു തുടക്കക്കാരന്റെ എല്ലാ പരിമിതികള്‍ക്കും അകത്തു നിന്നും പേനയുന്തുമ്പോള്‍ ഉണ്ടായേക്കാവുന്ന അബദ്ധങ്ങള്‍  അറിയാവുന്ന നിങ്ങളോട് ഒന്ന് മാത്രം, തിരുത്താന്‍ നിങ്ങളെന്നും കൂടെയുണ്ടാവില്ലേ? അങ്ങിനെത്തന്നെ  ആഗ്രഹിച്ചു കൊണ്ട് ഈ തുടക്കം തല്‍ക്കാലം ഇവിടെ ഒടുക്കട്ടെ...
ശുഭം!മംഗളം!

NB: വായിക്കാന്‍ മറന്നു പോയാലും കമന്റാന്‍ മറക്കാതെ പോകണേ...
Related Posts Plugin for WordPress, Blogger...