Tuesday, February 21, 2012

ഫലസ്തീനിലൊരു 'ഗാന്ധി'- മാധ്യമം

 മുങ്കുറിപ്പ് : എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും നോക്ക് കുത്തിയാക്കി, ഒരു കുറ്റവും ചുമത്താതെ വിചാരണ പോലും നടത്താതെ അറസ്റ്റ് ചെയ്ത് അനന്തമായി ജയിലിലിട്ട് ക്രൂരമായി പീഡിപ്പിച്ച് ഭീകര വാഴ്ച തുടരുന്ന ഇസ്രയേല്‍ നടപടിക്കെതിരെ തടവില്‍ കിടന്ന് ഇത്തരം ഒരു ഫലസ്തീന്‍ ഇര 'ഖാദര്‍ അദ്നാന്‍ '  നടത്തുന്ന നിരാഹാര സമരത്തെ കുറിച്ച് 20012 feb 21 നു 'മാധ്യമം' എഡിറ്റോറിയല്‍
ഫലസ്തീനിലൊരു 'ഗാന്ധി'


  ഗാന്ധിജിയുടെ മാതൃകയെപ്പറ്റി ഊറ്റംകൊള്ളുന്ന നാം ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാനും പിന്തുണക്കാനും പറ്റേണ്ട ഒന്നായിരുന്നു ഖാദര്‍ അദ്നാന്റെ സമരം. ഇസ്രായേലി ജയിലില്‍ അന്യായത്തടങ്കലിലുള്ള അദ്ദേഹം തന്നെപ്പോലുള്ളവര്‍ക്ക് നീതി ആവശ്യപ്പെട്ട് രണ്ടു മാസത്തിലേറെയായി സമരത്തിലാണ്. സമരായുധമോ, തന്റെ സ്വതന്ത്ര നിയന്ത്രണത്തില്‍ ഇപ്പോഴുള്ള ഏക വസ്തുവായ സ്വശരീരവും. 65 ദിവസമായി നിരാഹാരസമരം തുടരുന്ന അദ്നാന്റെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഇനി ഒരാഴ്ചപോലും ഇങ്ങനെ തുടരാന്‍ പറ്റാത്തവിധം അവശനായിട്ടും അദ്ദേഹം ആവേശപൂര്‍വം സമരം തുടരുകയാണ്.




ഇസ്രായേലി അധിനിവേശത്തില്‍ സ്വന്തമായ നാടുപോലുമില്ലാതായ ഒരു ജനതയുടെ പ്രതീകമാണ് ഖാദര്‍ അദ്നാന്‍. ജനീവ കരാറിന്റെ ലംഘനമാണ് ഇസ്രായേല്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ എന്ന വിശാലമായ തടങ്കല്‍പാളയത്തില്‍ മര്‍ദനത്തടവറകള്‍ ധാരാളം. വ്യാജ ആരോപണങ്ങളടക്കം ഉന്നയിച്ചുള്ള അറസ്റ്റും തടങ്കലും മാത്രമല്ല അവിടെയുള്ളത്. കുറ്റപത്രമോ ആരോപണംപോലുമോ ഇല്ലാതെ, ഭരണസൗകര്യത്തിനായുള്ള തടങ്കല്‍ (അഡ്മിനിസ്ട്രേറ്റിവ് ഡിറ്റന്‍ഷന്‍) എന്ന മനുഷ്യാവകാശ ലംഘനവും സാര്‍വത്രികമാണ്. ഒരു ചെറുത്തുനില്‍പു പാര്‍ട്ടിയില്‍ അംഗമായ അദ്നാന്‍ എന്തെങ്കിലും അക്രമം നടത്തിയതിന് തെളിവില്ല. കുറ്റാരോപണമോ കേസോ ഒന്നുമില്ലാതെ അദ്ദേഹത്തെ വെറുതെ തടവിലിട്ടിരിക്കുന്നു. ഫലസ്തീനില്‍ അന്യായമായി തടവിലാക്കപ്പെട്ട ഇത്തരം മനുഷ്യര്‍തന്നെ 300ല്‍പരമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ കിരാത നീതിക്കെതിരെ ശബ്ദിക്കാന്‍ ആഗോളവേദികളോ രാജ്യങ്ങളോ തയാറല്ല. മരവിച്ചുപോയ ഈ മനുഷ്യ മനസ്സാക്ഷിക്കെതിരെ കൂടിയാണ് അദ്നാന്റെ ഗാന്ധിയന്‍ സമരം.
 -----------------------------------------------------------------------------
 


 

Tuesday, February 14, 2012

'ഖാദര്‍ അദ്നാന്‍' മരണത്തിലേക്കോ ??

ഒരു പക്ഷെ ഈ കുറിപ്പ് അവസാനിക്കും മുമ്പേ ആ മരണ വാര്‍ത്ത നിങ്ങളെ തേടി എത്തിയേക്കാം. 
എന്നാല്‍ അദ്ദേഹത്തിനിപ്പോഴും  ഒന്നേ പറയാനുള്ളൂ "അന്തസ്സാണ് എനിക്ക് ഭക്ഷണത്തെക്കാള്‍ വലുത്"..

ഒരു കാരണവുമില്ലാതെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് പോയി ജയിലിലടച്ച്‌ ഒരു കുറ്റം പോലും ചുമത്താതെ ഒരു വിശദീകരവും നല്‍കാതെ ക്രൂര മര്‍ദനം അഴിച്ചു വിടുന്ന ഇസ്രയേല്‍ കാട്ടാള നീതിക്കെതിരെ രണ്ടു മാസത്തോളമായി 'ഖാദര്‍ അദ്നാന്‍' ജയിലില്‍ നടത്തി വരുന്ന നിരാഹാര സമരം അതിന്റെ മൂര്ധന്യദയില് എത്തിയിരിക്കുന്നു. 58  ദിവസം പിന്നിട്ട നീതിക്ക് വേണ്ടിയുള്ള ആ സമരം ഖാദറിന്റെ ജീവന് അങ്ങേ അറ്റം ഭീഷണി ഉയര്‍ത്തുമ്പോഴും ഉറച്ച മനസുമായി ഖാദര്‍ തന്റെ നയത്തില്‍ നിന്നും അണുവിട തെറ്റാതെ മുന്നേറുന്ന കാഴ്ച സങ്കടകരവും അതിലേറെ അതിശയവുമായിരിക്കുന്നു. 

ബദല്‍ മാധ്യമ സംവിധാനങ്ങളിലൂടെ ലോകത്താകമാനം ഖാദറിന് വേണ്ടി ശബ്ദം ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. 



എന്താണ് താന്‍ ചെയ്ത തെറ്റെന്നോ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തെതെന്നോ പോലും അദ്ദേഹത്തോട്    പറയാനില്ലാതെ ഇസ്രയേല്‍ സൈനിക മേധാവികള്‍ ഈ ക്രൂര വിനോദം ആസ്വദിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും.

കട്ടിലില്‍ കെട്ടിയിടപ്പെട്ട ഖാദര്‍ ന്റെ ആരോഗ്യ സ്ഥിതി അത്യന്തം വഷളായതായി അറിഞ്ഞ ശേഷം
'ആംനെസ്റ്റി' ക്ക് പിറകെ 'ഹുമന്‍ റൈറ്റ്സ് വാച്'(H R W ) ഉം കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. H R W യുടെ മിഡില്‍ ഈസ്റ്റ് ഡയരക്ടര്‍  സാറ വിത്സണ്‍  പറയുന്നു:"ഇസ്രയേല്‍ അടിയന്തിരമായി ഈ അനീതി അവസാനിപ്പിക്കണം. ഒന്നുകില്‍ കുറ്റം ചുമത്തുക, അല്ലെങ്കില്‍ വിട്ടയക്കുക" അവര്‍ തുടരുന്നു:" ഒരുപക്ഷെ ഖാദര്‍ നിരാഹാരം മൂലം മരണത്തിലേക്ക് അതിവേഗം  അടുക്കുന്നു, എന്നിട്ടും ഇസ്രയേല്‍ അദ്ധേഹത്തെ കിടക്കയില്‍ കേട്ടിയിടുന്നതിലാണ് ശ്രദ്ധിക്കുന്നത്, അന്യായമായെങ്കിലും ഏറ്റവും ചുരുങ്ങിയത് ഒരു കള്ളക്കേസ് ചാര്ത്താനെങ്കിലും നോക്കാതെ"..

'ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍' ന്റെ ഒരു പഠനം എടുത്തു കാണിച്ച്‌, 55 മുതല്‍ 75 ദിവസത്തിനുള്ളില്‍ ഇത്തരം നിരാഹാരക്കാര്‍ക്ക് മരണം സംഭവിക്കാം എന്നും H R W ചൂണ്ടിക്കാണിക്കുന്നു...


"FREE KHADER ADNAN, who's dying2live"
 

Saturday, February 11, 2012

മലയാളം ബ്ലോഗേഴ്സ്, Khadar Adnan- നെ നമുക്കും അറിയേണ്ടേ??

മുഖ്യധാരാ മാധ്യമങ്ങളെല്ലാം മുഖം തിരിക്കുകയും ഇത്തരം വാര്‍ത്തകള്‍ അല്പമെങ്കിലും പുറം ലോകം അറിയുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും വഴിയാവുകയും ചെയ്യുമ്പോള്‍ 'ഖാദര്‍ അദ്നാ'നെ നമുക്കും അറിയേണ്ടതില്ലേ?? അറിയിക്കേണ്ടതില്ലെ?? 

പ്രിയപ്പെട്ടവരേ.. പിറന്നു വീണ മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി ആയുധക്കരുതും പണക്കൊഴുപ്പിന്‍ പിന്ബലവുമില്ലാതെ അന്യ നാട്ടുകാരായ ഒരുപറ്റം ഭീകര കാപാലികരുടെ, സകലമാന കരുത്തുമുപയോഗിച്ച് കാലങ്ങളായുള്ള നിഷ്കരുണ കൂട്ടക്കൊലയോട്, നിശ്ചയദാര്‍ഡ്യമൊന്നിന്റെ കരുത്ത്‌ മാത്രം ഇനിയും ബാക്കിയുള്ളത് കൊണ്ട് പിടിച്ചു നില്‍ക്കുന്ന ഫലസ്തീന്‍കാരുടെ ദീനരോദനങ്ങള്‍ക്കിടയില്‍ Khader Adnan ന്റെ ഇപ്പോഴത്തെ വിശപ്പിന്റെ വിളിയെങ്കിലും നമുക്ക് കേട്ടല്ലേ പറ്റൂ....

വിഷയമിതാണ്, കഴിഞ്ഞ ഡിസംബര്‍ 17 നു വെസ്റ്റ്ബാങ്കിലെ വീട്ടില്‍ നിന്ന് ഖാദര്‍ അദ്നാന്‍ എന്ന 33 കാരനെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്ത് കൊണ്ട് പോയി ജയിലിലടച്ചിരിക്കുന്നു.ചോദ്യം ചെയ്യലിന്റെ പേരില്‍ ശാരീരികമായും മാനസികമായും കൊടിയ പീഡന മുറകള്‍ ഏല്‍ക്കേണ്ടി വന്നു. ഒരു കേസോ വിചാരണയോ ഒന്നും കൂടാതെ തോന്നിയ പോലെ അനിശ്ചിത കാലം ജയിലിലടച്ചു പീഡിപ്പിക്കുന്ന ഇസ്രയേല്‍ സൈനിക നയത്തിനെതിരെ ഡിസംബര്‍ 18 മുതല്‍ ഖാദര്‍ ജയിലില്‍ നിരാഹാരം അനുഷ്ടിച്ചു വരുന്നു.

ഇതൊരു  മാത്രം കഥയല്ല, ഖാദര്‍ ഒരു സമൂഹത്തിന്റെ പ്രതിനിധി മാത്രം. ഇതുപോലെ സ്വന്തം നാട്ടിലെ സ്വന്തം ഭവനത്തില്‍ നിന്ന് എന്തിനെന്ന് പോലും പറയാതെ ഇറക്കിക്കൊണ്ടു പോയി ഇസ്രയേല്‍ ജയിലുകള്‍ക്കുള്ളില്‍ അടച്ചിട്ട് ശാരീരികമായും മാനസികമായും തളര്ത്തിയിടപ്പെടുന്ന ഫലസ്തീനിലെ ഖാദരുമാരുടെ എണ്ണം കൂടിക്കൂടി വരുന്നുവത്രേ..

ആലോചിച്ചു നോക്കൂ, നമ്മെ പോലെ അമ്മയും അച്ഛനും അനിയനും പെങ്ങളും ഭാര്യയും മക്കളുമുള്ള പച്ച മനുഷ്യര്‍ ഒരു കാരണവുമില്ലാതെ ജയിലറക്കുള്ളില്‍ കൊടിയ പീഡനം സഹിച്ചു കഴിയേണ്ടി  വരുന്ന അവസ്ഥ എത്രമാത്രം ഭീകരമായിരിക്കും?? എന്നാല്‍ തങ്ങള്‍ നൂറു ശതമാനം നിരപരാധികളാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ള ഈ സമയത്തും, പേരിന് ഒരു ചാര്‍ജ് ഷീറ്റെങ്കിലും ഉണ്ടെങ്കില്‍ ഒരു നിമിഷത്തേക്കെങ്കിലും അവര്‍ അതിലേക്കു ചിന്തിക്കാന്‍ മനസ്സിനെ വിട്ടു അടക്കം കൊള്ളുമായിരിക്കും.. ഇവിടെ ആ ഒരു നടപടി പോലും ഇല്ലാതാവുമ്പോഴുള്ള അവരുടെ മാനസികാവസ്ഥയുടെ നിലയെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാനെങ്കിലും ആവുന്നുണ്ടോ??

സുഹൃത്തുക്കളെ..ആരാണ് ഇസ്രായേലിന്, മുഴുവന്‍ അന്താരാഷ്ട്ര മര്യാദകളും ചവിട്ടിയരച്ച് ഇത്തരം നരനായാട്ട് നടത്താന്‍ അനുമതി നല്‍കിയത്?? ഇത് നമ്മുടെ മനസ്സിനെ ഒരു നിലക്കും നോവിപ്പിക്കുന്നില്ലെന്നാണോ??

പ്രിയരേ.. വാര്‍ത്തകളെ വര്ത്തമാനമാക്കേണ്ട മാധ്യമങ്ങള്‍ക്കൊന്നും ഇതിലൊരു വാര്‍ത്തയും കാണാനുള്ള കാഴ്ച ശക്തി കണ്ടു കാണുന്നില്ല. എന്നാലും രാഷ്ട്രാതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഹൃദയത്തിനു കാഴ്ച ശക്തിയും കേള്‍വി ശക്തിയും നിലനില്‍ക്കുന്ന കാരണം കൊണ്ട് ലോകത്ത് പല കോണില്‍ നിന്നും ഖാദര്‍ അദ്നാന്‍ നു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നല്ല മനസ്സുകാര്‍ മുന്നോട്ടു വരുന്ന കാഴ്ച ആശാവഹമാണ്‌. എന്നാലും സാമൂഹിക പ്രതിബദ്ധതയിലൊക്കെ മുന്‍നിരയിലെന്നഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം കാര്യത്തിലേക്ക് ശ്രദ്ധിക്കാനൊന്നും എനിക്കും നിങ്ങള്‍ക്കും സമയം കിട്ടുന്നില്ല തന്നെ.

ഓര്‍ക്കുക.. ഖാദര്‍ അദ്നാന്റെ ജീവന്‍ അപകടത്തിലാണ്.  നിരാഹാരം തുടങ്ങിയിട്ട് 56 ദിവസമായി. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പോലും ഈയൊരു അവസ്ഥയെക്കുറിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നിട്ടെന്ത്??

ഇപ്പോള്‍ മനുഷ്യ സ്നേഹികളായ വിവിധ രാജ്യകാര്‍ ഖാദിര്‍ നു പിന്തുണയുമായി ബ്ലോഗും ട്വിറ്ററും എല്ലാം ഉപയോഗിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. അതൊക്കെതന്നെയെ ഇനി പ്രതീക്ഷയായുള്ളൂ.. അപ്പോള്‍ പിന്നെ 'ബൂലോകത്ത്' നമുക്കല്ലാതെ മറ്റാര്‍ക്കാണ് അതിനു പിന്തുണയെങ്കിലും നല്‍കാന്‍ കഴിയുക??

അനുവാചകവൃന്ദങ്ങള്‍ ഒരുപാടുള്ള എത്രയോ നല്ല ബ്ലോഗര്‍മാര്‍ നമുക്കിടയിലുണ്ട്. നമ്മുടെ സന്തോഷവും സങ്കടവും കൂട്ടുകാര്‍ക്ക് വായിക്കാന്‍ അവസരം കൊടുക്കുന്ന നമുക്ക്, ആരുമില്ലാത്ത നമ്മുടെ സഹോദരങ്ങളനുഭവിക്കുന്ന നരകയാതനയെ കൂടി ഒന്ന് ഏറ്റു പിടിച്ചു കൂടേ?? നമ്മെക്കൊണ്ട്  എന്ത് ചെയ്യാനാകുമെന്ന് നിഷ്ക്രിയരാകാതെ ച്ചിരി സമയവും ഊര്‍ജവും ദൈവം നമുക്ക് തന്ന കഴിവും ഉപയോഗിച്ച് നമ്മുടെ ചിന്തയുടെ താള മേളങ്ങള്‍ അവതരിപ്പിക്കുന്ന അതേ പേന കൊണ്ട് 'ഖാദര്‍ അദ്നാ'നെയും വരച്ചു കാട്ടിക്കൂടെ??
ഓണ്‍ലൈന്‍ ക്യാമ്പൈനും ബ്ലോഗ്‌ പോസ്റ്റും ഒക്കെ വഴി ചുരുങ്ങിയ പക്ഷം അല്പം വായനക്കാരില്‍ അതിന്റെ സന്ദേശം എത്തുകയെങ്കിലും ചെയ്‌താല്‍ ഒരു ജന്മം മുഴുവന്‍ ചെയ്‌താല്‍ കിട്ടുന്ന അത്രയും പുണ്യം കിട്ടും എന്ന് തീര്‍ച്ച. ആയതു കൊണ്ട് നമുക്കും ഈ ആഗോള മൂവ്മെന്റിന്റെ ഭാഗമാകാം...  ഒന്നിച്ചു വിളിക്കാം..   "Free Khader Adnan who's dying2live"*...
----------------------------------------------------------------------------------------------

*ഖാദര്‍ അദ്നാന്‍ നു പിന്തുണ അര്‍പ്പിച്ചു കൊണ്ടുള്ള ആഗോള മൂവ്മെന്റിന്റെ മുദ്രാവാക്യം.

Friday, February 3, 2012

നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര

നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര എന്ന പോസ്റ്റ്‌ ഇവിടെ വായിക്കാം.. എന്തോ ഒറിജിനല്‍ പോസ്റ്റ്‌ നേരത്തെ ഡാഷ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടു കണ്ടില്ല.. ക്ഷമിക്കുമല്ലോ... 

Thursday, February 2, 2012

നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര

സമയം ഏഴേ കാലായി.... 
ഹോ.. എന്തൊരു തണുപ്പാ..  അടിച്ചു വീശി നെഞ്ചത്ത് തുളച്ചു കയറുന്ന തണുപ്പ് കാറ്റിനെ പ്രതിരോധിക്കാന്‍ റൈന്‍ കോട്ട് ഉപകാരമായി. ഇപ്പൊ തണുപ്പ് ഒരു തരം രസമുള്ള കുളിര് കോരിത്തരുന്നു..സമയം ഇത്രയായിട്ടും ഇരുട്ടിന്റെ മൂടല്‍ മാറിത്തീര്‍ന്നിട്ടില്ല. വെളിച്ചത്തിന് കനം കൂടാന്‍ ഇനിയും വൈകും. ഈയിടെയായി പ്രഭാതം ഇന്ത്യന്‍ റയില്‍വേ പോലെയൊന്നുമല്ലെങ്കിലും ച്ചിരി ലേറ്റാ.കലണ്ടര്‍ പ്രകാരം 6-50 ആണ് സുര്യോദയം. 

രാവിലെ ആറര ആയപ്പോഴേ വിളി വന്നിരുന്നു 'എവിടെ, ഇറങ്ങിയോ' എന്നും ചോദിച്ച്.നിലമ്പൂരും വിട്ട് എവിടെയോ പോവാനാ.. ഒറ്റക്കാണെങ്കിലും  ബൈക്ക് യാത്രയോട് സൊതവേ എനിക്ക് ഇഷ്ടക്കേട്  തോന്നേണ്ട കാര്യമില്ലെങ്കിലും ഇന്ന് പുറപ്പെടാന്‍ മൂഡ്‌ കുറഞ്ഞതിനു കാരണങ്ങള്‍ പലതാണ്. രണ്ടു ദിവസം മുമ്പ് പിടികൂടിയ പനിചൂടിന്റെ ചൂര് ഇനിയും പൂര്‍ണമായി വിട്ടുപോയില്ലെന്ന തോന്നല്‍, രാത്രി ഉറക്കൊഴിച്ച  ക്ഷീണം,  ഇന്ന് ലീവാക്കേണ്ടി വന്നതിന്റെ വല്ലായ്മ, ... ഹാ ഒരു വിധം മേനിയൊക്കെ കഴുകി ഫ്രെഷായി ഇന്നലത്തെ ബാഗ് അതേ പോലെ തൂക്കിയെടുത്ത് നേരെ അടുക്കളദേശത്തേക്ക് കുതിച്ചു. "മമ്മാ..ന്നാ ഞാമ്പോട്ടെ, എന്താ ഉള്ളത്?.." ഒരു ആലസ്യവും കൂടാതെ ഇവിടെ എപ്പളേ ജോലി തുടങ്ങിയിരിക്കുന്നു. ഉശിരനൊരു കട്ടനും ഉമ്മ ചുട്ടു മാറ്റുന്നതില്‍ നിന്ന് ഒരു ചുടു ചപ്പാത്തിയും അകത്താക്കുന്നതിനിടയില്‍ ഉമ്മ: "അല്ല കുട്ട്യേ.. അനക്കിതെന്തിന്റെ കേടാ, ഇങ്ങനെ നടക്കാന്‍... വരാന്‍ പറ്റൂലാന്ന്  പറഞ്ഞുടെ?" കേള്‍ക്കാത്ത ഭാവം പരമാവധി നടിച്ചുകൊണ്ട്‌ കട്ടന്‍ ചായ വേഗത്തില്‍ കുടിച്ചു തീര്‍ത്തു. ഉമ്മ ഇനിയും പറഞ്ഞോട്ടെ, ഉമ്മാന്റെ മോനാണല്ലോ ഞാന്‍ .അധികം നില്‍ക്കാതെ ബൈക്കില്‍ കേറി പുറപ്പെട്ടതാണ്. 

വാഹനക്കൂമ്പാരങ്ങളുടെ മാലപ്പടക്കമില്ലാത്ത ഒഴിഞ്ഞ റോട്ടിലൂടെ മനസ്സിലേക്ക് ഓരോരോ ചിന്തകളെ കയറ്റി വിട്ട് ബൈക്ക് യാത്ര ആസ്വദിച്ചങ്ങനെ മുന്നോട്ടു നീങ്ങുമ്പോള്‍ "മെല്ലെ പൊയ്ക്കോ  ട്ടാ..." ഉമ്മാന്റെ കല്പന ഇടയ്ക്കിടെ ഓര്‍മിച്ചു എന്ന് വരുത്തി. 

ഹെല്‍മെറ്റിന്റെ ഉള്ളില്‍ തിരുകിക്കയറ്റിയ ഇയര്‍ഫോണ്‍ വഴി മൊബൈലില്‍ നിന്ന് തലത് മഹമൂദും മെഹ്ദി ഹസനും ജഗ്ജിത് സിങ്ങും ഫതഹ് അലിഖാനും ഉംബായിയും അടക്കം ഗസല്‍ രാഗങ്ങളുടെ ശഹന്ഷാ മാരെല്ലാം ചേര്‍ന്ന് അവാച്യമായ കാവ്യവീചികള്‍ കൊണ്ട് ആത്മഹര്‍ഷത്തിന്റെ വരികള്‍ തീര്‍ത്ത് കാറ്റിന്റെ ശീല്ക്കാരത്തെ വകഞ്ഞു മാറ്റി കാതുകളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നപ്പോള്‍ ഹൃദയത്തില്‍ അനുഭുതിയുടെ മെഹ്ഫില്‍ വിരിയുകയായിരുന്നു. 

വഴിയിലുടനീളം തുറക്കപ്പെടാത്ത വാതിലുകളുമായാണ് വീടുകളേറെയും കാണപ്പെടുന്നതെങ്കിലും പ്രഭാതത്തിലേക്ക്‌ മലര്‍ക്കെ തുറന്നിട്ട പ്രകൃതിയുടെ നഗ്നമേനി താഴുകിത്തലോടാന്‍ കാത്തു നില്‍ക്കുമ്പോലെ തോന്നിച്ചു. മോഹിപ്പിക്കുന്ന ഈ പ്രകൃതി സൌന്ദര്യം നുകരാന്‍ പ്രഭാതത്തോളം പറ്റിയ നേരമുണ്ടോ വേറെ?

ഈ ബൈക്ക് യാത്ര വല്ലാത്തൊരു ഹരമാണ്. ശരിക്കും ആസ്വദിക്കണമെങ്കില്‍ ഒറ്റയ്ക്ക് തന്നെ പോവുകയും വേണം എന്നാണ് എന്റെ പക്ഷം. നമുക്കും പ്രകൃതിക്കുമിടയില്‍ ഒരു മറയുമില്ലാതെ എല്ലാം കണ്ടും കെട്ടും അനുഭവിച്ചുമങ്ങിനെ നീങ്ങാന്‍ എന്ത് രസമാണെന്നോ.വഴിവക്കിലെ മരങ്ങളെയും ജീവികളെയും കെട്ടിടങ്ങളേയും ഒക്കെ നോക്കിക്കണ്ട്‌ ഇടക്കൊരു മരത്തണലോ കുഞ്ഞരുവിയോ പാറക്കെട്ടുകളോ അതുമല്ലെങ്കില്‍ സുന്ദരമായ ഒരു പുല്‍തകിടിയോ ഒക്കെ കണ്ടാല്‍ സൗകര്യം പോലെ ഒന്ന് നിര്‍ത്തി അല്പം കിന്നാരമൊക്കെയായി പിന്നെയും യാത്ര തുടരാം. 

ചാപ്പനങ്ങാടി- കോഡൂര്‍ വഴി മലപ്പുറത്തെത്തുമ്പോള്‍ ഇരുട്ട് വെളിച്ചത്തിന് കുറേ കൂടി വഴി മാറികൊടുത്തിരിക്കുന്നു. മാര്‍ക്കറ്റിലേക്കുള്ള  ചരക്കു വണ്ടികള്‍ നിരത്ത് കയ്യടക്കിയിട്ടുണ്ട്.നിറുത്താതെ വിട്ട് മഞ്ചേരിയെത്തി. ഒന്ന് സൈഡാക്കി. ഇവിടെയും പച്ചക്കറി വണ്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു.ഇവിടെ അങ്ങാടി തിരക്കിലേക്ക് എത്തിക്കഴിഞ്ഞു.വെറുതേ ഒരു ഓട്ടോ ഡ്രൈവറോട് നിലമ്പൂര്‍ലേക്ക് എത്ര കിലോമീറ്റര്‍ ഉണ്ടെന്നു തിരക്കി. ഓട്ടോ ഒന്ന് യൂ-ട്ടേണ്‍ അടിക്കാന്‍ പാകത്തില്‍ തിരിച്ച്‌ രണ്ടു കയ്യും ഏന്തി വലിച്ചു ഹാന്റ്ല്‍ നീട്ടി തിരിച്ച് പിടിച്ച് ഉടലാകെ വളച്ചുള്ള ആ നില്‍പ്പില്‍ നിന്നും തെല്ലിട ഇളകാതെ ചെരിച്ചു പിടിച്ച കഴുത്ത് നീളത്തിലൊന്ന് നീട്ടിക്കാണിച്ചു, 'ദാ ആ വഴിക്ക് പൊയ്ക്കോ' എന്ന്! സന്തോഷം.. ഉടന്‍ ഞാന്‍ യാത്ര തുടരുകയും ചെയ്തു. 

ഇന്ദ്രജാലമൊന്നും കൈവശമില്ലാത്തതിനാല്‍ വേഗം അടുത്ത പമ്പില്‍ കയറി ഇന്ധനം നിറച്ചു. മഞ്ചേരി-നിലമ്പൂര്‍ റൂട്ട് ഒന്നൂടെ പച്ചപ്പ്‌ കൂടുതലുള്ള സ്ഥലമാണ്. ടൌണ്‍ വിട്ട് കുറച്ചു നീങ്ങിയപ്പോള്‍ റോഡിനിരുവശവും പച്ചവിരിച്ച് നില്‍ക്കുന്ന ചെറുതും വലുതുമായ മരങ്ങള്‍ക്ക് പക്ഷെ ഉറക്കച്ചടവ് ഇനിയും തീര്‍ന്നിട്ടില്ലാത്ത പോലെ. തണുപ്പിനും ഇവിടെ നല്ല കട്ടിയുണ്ട്. ചന്തമുള്ള ഈ പച്ചക്കാഴ്ച മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വരും. അങ്ങിനെ നിലമ്പൂര്‍- നാടുകാണി -ഗൂഡല്ലൂര്‍ എത്തുമ്പോഴേക്ക് ഈ പച്ചപ്പ്‌ കൊടും കാടായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരിക്കും. 

എന്തായാലും ഇറങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്ന മൂടിക്കെട്ടിയ മൂഡൊക്കെ പോയി ഇപ്പൊ നല്ലൊരു സുഖം മനസ്സിനുണ്ട്. ഏറെ വൈകിയില്ല, ഒരു എട്ടര കഴിഞ്ഞു കാണും നിലമ്പൂര്‍ എത്തി. ആദ്യം ഒരിടത്തരം ഹോട്ടല്‍ പിടിച്ച് നാലഞ്ചു നൂല്‍പുട്ട് കടുക് വറുത്ത ചെറുപയര്‍ കറിയില്‍  കുഴച്ചു വയറ്റിലേക്ക് എത്തിച്ചു. പിന്നെ കാത്തു നില്‍ക്കുന്ന കൂട്ടുകാരോടൊപ്പം കാറില്‍ നിശ്ചയിച്ച സ്ഥലത്തേക്ക് പോയി. അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് നിലമ്പൂരിലെ കേന്ദ്രത്തില്‍ തിരിച്ചെത്തുമ്പോള്‍ സമയം മൂന്ന് കഴിഞ്ഞു. 

അല്പം വിശ്രമമൊക്കെ കഴിഞ്ഞ് നിലമ്പൂരില്‍ നിന്ന് തിരിച്ച് ബൈക്കില്‍ കോട്ടക്കലേക്ക്  യാത്ര തിരിച്ചു. ടൌണ്‍ ആകെ തിരക്ക്. നിലമ്പൂര്‍ ഉത്സവത്തിന്റെയാ. രണ്ടു കിലോമീറ്റര്‍ പോന്നു കാണും, റോഡ്‌ സൈഡില്‍ തന്നെ ഫോറസ്റ്റ്  ഡിപ്പാര്ട്ട്മെന്റിന്റെ അടയാളങ്ങളും 'കനോലി പ്ലോട്ടെ'ന്ന ബോര്‍ഡും കാണാനായി.ഇതുവരെ ഇവിടെ കേറിയിട്ടില്ല, ഇന്നാണെങ്കില്‍ വേറെ പണിയൊന്നും ഇല്ലതാനും. അങ്ങിനെയാണ് അപ്രതീക്ഷിതമായി ഈ 'കനോലി പ്ലോട്ട്' സന്ദര്‍ശനം എനിക്ക് ഒത്ത് വന്നത്. 

ടിക്കറ്റ്‌ കൌണ്ടറില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡ് പ്രകാരം ഇന്ത്യന്‍:20 വിദേശി:40 - ഹാ എന്തൊരു അന്തരം. മാര്‍ക്കറ്റില്‍ 'നാടന്‍ ', 'ഇറക്കുമതി' എന്നൊക്കെ പറയുമ്പോലെ. എന്തെങ്കിലും ആകട്ടെ.. സമയം മൂന്നേ മുക്കാല്‍ . ടിക്കറ്റും പിടിച്ച് ഒറ്റക്കാണെങ്കിലും ഗമയില്‍ ഞാനങ്ങനെ നടന്നു. വെല്‍ക്കം ബോര്‍ഡും പിന്നിട്ട് ടാറിട്ട വിശാലമായ വഴിയിലൂടെ മുന്നോട്ട്.. വശങ്ങളിലെ മരങ്ങളാല്‍ തണലിട്ട ആ വഴിയിലൂടെ നടക്കുമ്പോള്‍ അവിടെയെങ്ങും ആരുമില്ല. അകലെയായി മധ്യവയസ്സു പിന്നിട്ട ഒരു ഭാര്യയും ഭര്‍ത്താവും മാത്രം. നേരെ ചെന്ന് ഒരു ചെറിയ ഗൈറ്റില്‍ മുട്ടുമ്പോള്‍ റോഡു വലത്തോട്ട് തിരിഞ്ഞു പോകുന്നുണ്ട്. ഗൈറ്റു വഴി ഉള്ളില്‍ കടന്നതും ഒരു മുന്നറിയിപ്പ് ബോര്‍ഡ് ദേ തൂങ്ങുന്നു, 'പുഴയിലിറങ്ങരുത്'. താഴോട്ട് പുഴയിലേക്കുള്ള വഴി അടച്ചിട്ടിരിക്കുന്നു. ഇപ്പുറത്തൂടെ ചുവപ്പ് വിരിച്ച നടപ്പാതയാണ് മുന്നില്‍. നിറയെ ചെറുതും വലുതുമായ മരങ്ങള്‍ക്ക് നടുവിലൂടെയുള്ള ഈ നടത്തത്തില്‍ ഒരുമാതിരി ആസ്വാദനത്തിന്റെ തണുപ്പ് കൂട്ടിനുണ്ടായിരുന്നു. നേരെ എത്തിയത്  ഒരു തൂക്കുപാലത്തിന്റെ പൂമുഖത്താണ്, കേരളത്തിന്റെ സ്വന്തം പുഴയായ ചാലിയാറിന്റെ തീരത്ത്. ഈ തൂക്കുപാലം കടന്നു അക്കരയെത്തി വേണം 'കനോലി പ്ലോട്ട്' എന്ന 'തേക്ക് തോട്ടത്തി'ലെത്താന്‍. മൂന്ന് വര്ഷം മുമ്പ് വരെ ഈ പാലം ഇവിടെ ഇല്ലായിരുന്നു. പകരം നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് കണ്ട സ്ഥലത്ത് നിന്ന് താഴോട്ടു ഇറങ്ങി പുഴക്കരയില്‍ നിന്ന് വഞ്ചിയില്‍ അക്കരെ കടന്നാണ് കനോലി പ്ലോട്ടിലെത്തുക. ആ ഭാഗ്യം ഏതായാലും എനിക്കില്ല.

 ആളുകളെ നിയന്ത്രിക്കാന്‍ ഒരു യുണിഫോം ധാരി അരികിലുണ്ട്. ഞാനാദ്യമായാണ് ഇത്തരം ഒന്നില്‍ കയറുന്നത്. പാലത്തില്‍ കയറിയതും ഒരു ചെറിയ വിറയലായിരുന്നു. മനോഹരമായ കാഴ്ചയാണ് ഇവിടുന്ന് നോക്കിയാല്‍. കണ്‍ കുളിര്‍ക്കെക്കാണാന്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചാലിയാര്‍... തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളില്‍ നിന്നുല്‍ഭവിച്ച് നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി അരീക്കോട്-എടവണ്ണ നാട്ടുകാര്‍ക്ക് തെളിനീരിന്റെ അനുഭൂതി പകര്‍ന്ന് ഫറോക്കിലും കല്ലായിയിലും ചുറ്റിത്തിരിഞ്ഞ്‌ ബേപ്പൂര്‍- ചാലിയം ദേശത്ത് നിന്നും അറബിക്കടലിനോളം വലുതാവുന്ന ചാലിയാര്‍... കേരള സംസ്കാരത്തിനോടൊട്ടി നിന്ന് മലപ്പുറത്തിന്റെ ചരിത്ര നിര്‍മ്മിതിയിലലിഞ്ഞു ചേര്‍ന്ന് നൈര്‍മ്മല്യം കൊണ്ട്  ഓളങ്ങള്‍ സൃഷ്ടിച്ച് ഒഴുകിക്കൊണ്ടിരിക്കുന്ന ചാലിയാര്‍... വേനലിന്റെ മാര്‍ച്ചിലും ഏപ്രിലിലും മറ്റു നദികളെല്ലാം നിര്‍ദയം  ഉള്‍വലിയുമ്പോഴും കരുണാര്‍ദ്രമായ ജീവജലം കൊണ്ട് നമ്മെ വീര്‍പ്പു മുട്ടിക്കുന്ന ചാലിയാര്‍...

പാലത്തിലെങ്ങും അധികമാരുമില്ല. നടക്കുമ്പോഴൊക്കെ പാലം ചെറുതായി ഉലഞ്ഞു കൊണ്ടിരുന്നു. ചുറ്റും കണ്ണോടിച്ച് അരക്ക് മുകളില്‍ ഉയരമുള്ള ഇരുമ്പ് കമ്പിയില്‍ പിടിച്ച് ഒരു പ്രത്യേക താളത്തില്‍ ഞാനങ്ങനെ നടന്നു നീങ്ങി. അക്കരെ ഇറങ്ങാന്‍ ഒരു പിരിയന്‍ കോണിയുണ്ട്. താഴെയിറങ്ങി ചെല്ലുന്നത് ഒരു തോട്ടത്തിലേക്കാണ്, നിറയെ തേക്ക് മരങ്ങളാല്‍ നിബിഡമായ കനോലി പ്ലോട്ടെന്ന തേക്കിന്‍ കാട്ടിലേക്ക്.
1840   മുതല്‍ 1855 വരെ മലബാര്‍ കലക്ടര്‍ ആയിരുന്ന 'HV.കനോലി' യുടെ മേല്‍നോട്ടത്തില്‍ സഹായി ശ്രീ. ചാത്തു മേനോന്‍ പണികഴിപ്പിച്ചതാണ് ഈ തോട്ടം. ലോകത്തിലെ തന്നെ ഏറ്റവും പഴയ മനുഷ്യ നിര്‍മിത തേക്ക് തോട്ടം. നിലമ്പൂര്‍ പരിസരത്ത് സുലഭമായി കണ്ടിരുന്ന തേക്ക് മരങ്ങളെ 1840 കളിലാണ് വ്യവസ്ഥാപിതമായി 1500 ഏക്കറോളം സ്ഥലത്ത് വെച്ച് പിടിപ്പിച്ചു തുടങ്ങിയത്. ശേഷം 1933 ല്‍ ഇതില്‍ നിന്നും 14.8 ഏക്കര്‍ തോട്ടം 'കനോലി പ്ലാന്റേഷന്‍' ആയി സംരക്ഷിക്കാന്‍ തുടങ്ങി. പിന്നീട് രണ്ടാംലോക മഹായുദ്ധത്തിലെ സഖ്യ കക്ഷികളുടെ വിവിധ തടി ആവശ്യങ്ങള്‍ക്കായി 1943 ല്‍ ഏകദേശം 9 ഏക്കറിലധികം സ്ഥലത്ത് നിന്നും മരങ്ങള്‍ മുറിച്ചു കൊണ്ടുപോയി. ബാക്കി 5.7 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഇവിടെ 'കനോലിപ്ലോട്ടെ'ന്ന പേരില്‍ തേക്ക് തോട്ടമുള്ളത്. തേക്ക് തടിയുടെ ഈടും ഉറപ്പും ശരിക്കും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരുടെ പ്രധാന ലക്‌ഷ്യം ഈ തോട്ടത്തില്‍ നിന്ന് ബ്രിട്ടീഷ് കപ്പല്‍ ശാലകളിലേക്ക് തരം പോലെ തേക്ക് തടി എത്തിക്കുക എന്നതായിരുന്നു. 

രണ്ടുമൂന്നു സ്റെപ്പുകള്‍ കയറി തോട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വിശാലമായ ഈ സ്ഥലത്തൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന സിമെന്റു നടപ്പാതയുണ്ട്. ഈ നടപ്പാതയില്‍ പല ഇടങ്ങളിലായി ഇരിപ്പിടത്തോട്‌ കൂടിയ കൂടാരങ്ങളും കാണാം. മറ്റു ഉദ്യാനങ്ങളില്‍ കാണും പോലെ തൂത്തുവാരി വൃത്തിയാക്കിയിട്ടൊന്നുമില്ല. നിറയെ ഉണക്ക ഇലകള്‍ കൊണ്ട് പ്രകൃത്യാ ഉള്ള ഒരു കുഞ്ഞു കാട് പോലെതന്നെ തോന്നിക്കും. ഞാന്‍ സിമെന്റു പാതയിലൂടെ നടക്കാന്‍ തുടങ്ങി. വലതു വശത്ത് തെക്കല്ലാത്ത ചെറുതും വലുതുമായ ഒരുപാട് മരങ്ങള്‍ നിറഞ്ഞിരിക്കുന്നു. 

മുന്നിലെങ്ങും ആരുമില്ല. അവിടവിടെയായി കുറച്ചു യുവ ദമ്പതികള്‍ ഫോട്ടോയെടുപ്പില്‍ വ്യാപൃതരായി നില്‍ക്കുന്നതൊഴിച്ചാല്‍ മറ്റു 'കശപിശ'കളൊന്നും ഇവിടെയില്ല. തേക്ക് മരങ്ങളുടെ വണ്ണം കൊതിപ്പിക്കുന്നതല്ലെങ്കിലും ആകാശം മുട്ടെയുള്ള അവറ്റകളുടെ നില്‍പ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്. തോട്ടത്തിന്റെ നടുക്കുള്ള ഒട്ടുമിക്ക മരങ്ങള്‍ക്കും സിമന്റു തറ ഉണ്ടാക്കി കൊടുത്തിരിക്കുന്നു. റെഡിമെയ്ഡ് പാത വിട്ടു അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയപ്പോള്‍ പരവതാനി വിരിച്ച കരിയിലകള്‍ ചലപില ഒച്ചകള്‍ പുറപ്പെടുവിച്ചു സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. നടന്നുനടന്ന് ഒരു ഭാഗത്തെത്തിയപ്പോള്‍ താഴേക്ക് ചാലിയാറിന്റെ ഒരു വശം കാണാനായി. ചെറിയ മതില്‍ക്കെട്ട് കടന്ന് പുഴയുടെ ഓരത്തേക്ക് ഇറങ്ങാന്‍ പാകത്തില്‍ കുത്തനെയുള്ള ചെരിവിലൂടെ ആളുകള്‍ നടന്നുണ്ടാക്കിയ മെല്ലിച്ച ഒരു പാത കാണാം. ആ വഴിയിലൂടെ രണ്ടാളുകള്‍ ഇങ്ങോട്ട് കയറിയ ശേഷം ഞാനതിലൂടെ 'ഓടിനടന്ന്‌' താഴെ പുഴക്കരയിലെത്തി. വെള്ളം കുറെ വലിഞ്ഞു പോയിരിക്കുന്നു. ഉന്തിച്ചു നില്‍ക്കുന്ന പാറക്കെട്ടുകളിലൂടെ നടന്ന്‌ ചാലിയാറില്‍ നിന്നും കൈവെള്ളയില്‍ വെള്ളം കോരിയെടുത്ത് മുഖത്തൂടെയാകെ ഒലിപ്പിച്ചു. തണുപ്പുമാറാത്ത വെള്ളത്തില്‍ കയ്യും കാലും നന്നായി കഴുകി പാറക്കഷ്ണമൊന്നില്‍ അല്‍പനേരം ഒറ്റക്കിരുന്നു. മൊബൈലില്‍ രണ്ടു വിളികളൊക്കെ നടത്തി ഓരോന്നോര്‍ത്തങ്ങനെ....

സമയം കുറേ നീങ്ങി.ഇപ്പോള്‍ സാഹാഹ്ന സൂര്യന്റെ ഇളം മഞ്ഞ കിരണങ്ങളില്‍ മുങ്ങിക്കുളിച്ച് സുവര്‍ണ്ണ തിളക്കത്താല്‍ വശ്യമായി പുളയുന്ന ചാലിയാറില്‍ നിന്നും ഒന്നുകൂടെ മുഖം കഴുകി ഞാനെണീറ്റു. തിരിച്ച്, നിരങ്ങുന്ന മണ്‍ചെരിവിലെ വികൃതമായ പടവുകള്‍ സശ്രദ്ധം ചവിട്ടിക്കയറി വീണ്ടും തേക്ക് തോട്ടത്തില്‍ എത്തി. കാണാന്‍ ബാക്കിവെച്ച തേക്ക് മരങ്ങള്‍ ഓരോന്നും വിശദമായി തന്നെ തൊട്ടും കണ്ടും  കരിയിലകള്‍ക്കിടയിലൂടെ നടന്ന്‌ നീങ്ങി. സന്ദര്‍ശകര്‍ ഏറി വരികയാണ്. നേരത്തെതിലും ഇരട്ടിയിലധികം ആളുകള്‍ ചുറ്റിത്തിരിയുന്നു. അങ്ങിനെ ഞാന്‍ ഈ തോട്ടത്തിലെ ഏറ്റവും ഉയര്‍ന്ന മരത്തിന്റെ മുമ്പിലെത്തി.ഉയരം 46.5 മീറ്റര്‍. ഇടയ്ക്കു എന്റെ പാട്ട മൊബൈലിലെ റ്റൂ മെഗാപിക്സല്‍ കാമറ തുറന്ന് നാലഞ്ചു ക്ലിക്ക് കൂടി ആവാമെന്ന് വെച്ചപ്പോള്‍ , ദേ അവന്‍ ഒരുക്കമല്ല്ലത്രേ.. നേരത്തെ തുടങ്ങിയ 'ലോ ബാറ്ററി' മുന്നറിയിപ്പ് വകവെക്കാതെ ക്ലിക്കിയതും പോരാഞ്ഞ് പുഴക്കരയില്‍ നിന്ന് ഒന്ന് രണ്ടു കോളുകള്‍ കൂടി ചെയ്തത് മൂപ്പര്‍ക്ക് തീരെ അങ്ങട് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. കാമറക്കണ്ണ്‍ തുറക്കാന്‍ പോലും അവന്‍ വഴങ്ങുന്നില്ല. അതു പോട്ടെ... അല്ലെങ്കിലും പിക്സലുകള്‍ക്കപ്പുറത്തെ ക്ലാരിറ്റിയോടെ ഒരിക്കലും മായാത്ത ചിത്രങ്ങളെടുത്ത് സൂക്ഷിക്കാന്‍ പാകത്തില്‍ സ്വന്തമായി രണ്ടു കണ്ണുകള്‍ കൂടെത്തന്നെയുള്ളപ്പോള്‍ ആര്‍ക്കു വേണം ഈ റെഡിമൈഡ് കാമറക്കണ്ണ്‍ ??!..
വെയിലാറി സൂര്യന്‍ അസ്തമയത്തോടടുത്തു കൊണ്ടിരിക്കുന്നു. ഇനി തിരിച്ചു പോവാം. അവസാനമായി പ്ലോട്ടാകെ ഒന്ന് കാണാന്‍ പാകത്തില്‍ നിന്ന നില്‍പ്പില്‍ 180 ഡിഗ്രി തിരിഞ്ഞ് ചുറ്റും ഒരു കണ്ണേര്‍ നടത്തി. എന്നിട്ട് അവിടം വിട്ടു. തിരിച്ച് നടന്ന് തൂക്കുപാലത്തിലേക്ക് കയറി. ആ വിറയല്‍ ഒന്ന് കൂടി അനുഭവിച്ച് ധൃതി കൂട്ടാതെ നടന്നു. ഈ സമയം, ഇങ്ങോട്ട് വരുന്ന ചില മഹിളാ രത്നങ്ങള്‍ പാലത്തിന്റെ ഈ വിറയലില്‍ അസ്വസ്ഥരായി പരസ്പരം മുറുകെ പിടിച്ചും ഇടക്കൊക്കെ ഒച്ചവെച്ചും മറ്റുള്ളവരുടെ ശ്രദ്ധയെ പിടിച്ചു വാങ്ങുന്നതായി കാണപ്പെട്ടു. പാലം ഇറങ്ങി യുണിഫോം ധാരിയോട് രണ്ടു വാക്ക് സംസാരിച്ച് ചുവപ്പ് നടപ്പാതയിലൂടെ പുറം ലോകം ലക്ഷ്യമാക്കി നടന്നു. അതിര് കടന്ന് ടാറിട്ട റോഡിലൂടെ മെയിന്‍ റോഡിനെ ലക്ഷ്യമാകി നടക്കുമ്പോള്‍ കരിയിലകളുടെ കലപിലയും തൂക്കുപാലത്തിന്റെ വിറയലും എന്നെ പിന്തുടരുന്ന പോലെ...

റോഡ്‌ സൈഡില്‍ നിന്ന്‍ ഒരു കരിമ്പ്‌ ജൂസും കുടിച്ച്, അകത്തു നിന്നും കാര്യമായി ആരെയും സംസാരിക്കാന്‍ കിട്ടാത്തതിന്റെ സങ്കടം തീര്‍ക്കാന്‍ ജുസുകാരനോട് കണക്കിന് കത്തിക്കയറി. ബൈക്കെടുത്ത് യാത്ര തുടരുമ്പോള്‍ സമയം കൊണ്ട് വൈകുന്നേരം അഞ്ചേമുക്കാല്‍ മണി....

പിങ്കുറിപ്പ്: നിശ്ചയിച്ചുറപ്പിച്ചു ചെന്നതല്ല, ഒത്തുവന്നപ്പോ കയറി എന്നേയുള്ളൂ..
Related Posts Plugin for WordPress, Blogger...