Thursday, June 6, 2013

ഡൽഹി ഗാഥകളിലൂടെ


   'ഡൽഹി ഗാഥകൾ', സ്വാതന്ത്ര്യത്തിനു ശേഷം നാലഞ്ചു പതിറ്റാണ്ട് രാജ്യം അഭിമുഖീകരിച്ച സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളുടെ ജനകീയ വശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മയ്യഴിയുടെ കഥാകാരനിൽ നിന്നുള്ള സൃഷ്ടിയായത് കൊണ്ട് തന്നെ അത്തരം ഒരു മുൻധാരണ ഉള്ളിൽ കുടികൊണ്ടിരുന്നെങ്കിലും വായിച്ചു തുടങ്ങിയപ്പോ തന്നെ ആ ധാരണ ഇല്ലാതെയായി. എന്നാലും മുകുന്ദനിൽ നിന്ന് തന്നെ മുന്നേ പിറന്ന 'ദൽഹി' യുമായി എവിടെയൊക്കെയോ ചില കൂടിച്ചേരലുകൾ ഉള്ളതായി ആ വായനയെ കുറിച്ചുള്ള അവ്യക്തമായ ഓർമകൾ ഓർമ്മപ്പെടുത്തുന്നു.





 ചൈനാ യുദ്ധവും പാകിസ്ഥാൻ യുദ്ധവും അടിയന്തിരാവസ്ഥയും സഞ്ജയ്‌ പരിഷ്കാരങ്ങളും ഇന്ദിരാ വധവും സിഖ് വിരുദ്ധ കലാപവും എല്ലാമാണ് കഥയെ മുന്നോട്ടു നയിക്കുന്നത് എങ്കിലും ഇതൊരു ചരിത്ര നോവൽ തീരെ അല്ല. എന്നാൽ ചരിത്രത്തിന്റെ വക്ക് പൊട്ടിയ ഇന്നലെകൾ ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തെ എങ്ങിനെയെല്ലാം മുറിപ്പെടുത്തിയിരിക്കാം എന്ന് ഇവിടെ നിന്ന് വായിച്ചെടുക്കാനാവും. അടിയന്തിരാവസ്ഥയുടെ ചിലവിൽ ഡൽഹി തെരുവുകളി ആടിത്തീർത്ത ക്രൂരമായ നൃത്തച്ചുവടുകളുടെ വിവിധ ഭാവങ്ങൾ വായിക്കുമ്പോൾ ഒരു നെടുവീർപ്പ് അറിയാതെ വന്നുപോകും. അതിൽ ഏറ്റവും വേദനാജനകമായി അവതരിപ്പിച്ചതായി തോന്നിയത് പുരുഷ വന്ധ്യംകരണ യഞ്ജമാണ്. ഈ വിഷയം ഇത്രയും പൊള്ളുന്ന രീതിയിൽ മറ്റെവിടെയും വായിച്ചിട്ടില്ലാത്തത് കൊണ്ട് കൂടിയാവാം അങ്ങിനെ.

മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും കൊൽക്കത്തയിലും അടക്കം ഇന്ത്യയിലെ മുഴുവൻ മഹാനഗരങ്ങളിലുമെന്ന പോലെ ഡൽഹിയിലുമുണ്ട് എത്ര മായ്ക്കാൻ ശ്രമിച്ചാലും മായാതെ ആ നഗരത്തോടൊട്ടി കിടക്കുന്ന കുറെ ജീവിതങ്ങൾ. ഡൽഹിയുടെ അവകാശികളായ ദരിദ്ര വാസികൾ. തേച്ചു മിനുക്കിയ വാർപ്പ് ചുമരിലെ പൊള്ളപ്പ് പോലെ മിനുക്കലുകൽക്കിടയിലും മുഴച്ചു നില്ക്കുന്ന ആ ദരിദ്ര വാസികളെ കൂടി എടുത്തു കാട്ടിയാണ് ഇവിടെ പേജുകൾ മറിഞ്ഞു തീരുന്നത്...
 
നാടുവിട്ടുള്ള കലാലയ ജീവിതത്തിനിടയിലെ സൌഹൃദത്തിന്റെയും കൂടിച്ചേരലുകളുടെയും ഒരുപാട് നല്ല ഓർമ്മകളെ അയവിറക്കാനും 'ഡൽഹി ഗാഥകൾ' വഴിയൊരുക്കി...
 പിങ്കുറിപ്പ്: അലസത എന്നിൽ നിന്നും അകറ്റിക്കൊണ്ടിരിക്കുന്ന വായനയെ  തിരിച്ചു പിടിക്കുവാൻ  കിണഞ്ഞു ശ്രമിക്കുകയാണ്.

1 comment:

Related Posts Plugin for WordPress, Blogger...